PalakkadNewsUpdates

നേരോടെ അറിയാനും അറിയിക്കാനും

വിദ്യാഭ്യാസ വാർത്തകൾ

ഹയർസെക്കൻഡറിയിൽ പുതിയ ബാച്ചുകൾ; 120 അതിഥി അധ്യാപകരെ നിയമിക്കേണ്ടിവരും29 സ്കൂളുകളിൽ 30 പുതിയ ബാച്ചുകൾ; ഭൂരിഭാഗവും എയ്ഡഡ് മേഖലയിലേക്ക്

ഒറ്റപ്പാലം: ജില്ലയിലെ ഹയർസെക്കൻഡറി സ്കൂളുകൾക്ക് പുതുതായി അനുവദിച്ച 30 ബാച്ചുകളിലേക്ക് ക്ലാസുകൾ കാര്യക്ഷമമായി നടത്താൻ 120 അതിഥി അധ്യാപകരെ നിയമിക്കേണ്ട സാഹചര്യമാണുള്ളത്. ഓഗസ്റ്റ് 1-ന് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പൂർത്തിയായി പ്രവേശന നടപടികൾ അവസാനിച്ചതിന് ശേഷമേ നിയമനം നടത്താനാകൂ. ഇതുമൂലം പുതിയ ബാച്ചുകളിലെ ക്ലാസുകൾ പൂർണതോതിൽ ആരംഭിക്കാൻ വൈകുമെന്ന ആശങ്ക ഉയരുന്നുണ്ട്.

സർക്കാർ ഉത്തരവ് പ്രകാരം ദിവസവേതനാടിസ്ഥാനത്തിൽ ഓരോ ബാച്ചിലേക്കും നാല് അതിഥി അധ്യാപകരെ നിയമിക്കാനാണ് തീരുമാനം. അതുവരെ നിലവിലുള്ള അധ്യാപകരെ ഉപയോഗിച്ച് ക്ലാസുകൾ ആരംഭിക്കാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്.

ജില്ലയിലെ 29 സ്കൂളുകളിലായി 30 പുതിയ ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. സർക്കാർ സ്കൂളുകൾക്ക് മുൻഗണന നൽകുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും, അനുവദിച്ച ബാച്ചുകളിൽ 18 എണ്ണം എയ്ഡഡ് സ്കൂളുകൾക്കും 11 എണ്ണം സർക്കാർ സ്കൂളുകൾക്കുമാണ് ലഭിച്ചത്. ഓരോ ബാച്ചിലും പരമാവധി 60 വിദ്യാർഥികൾക്ക് പ്രവേശനം നൽകാനാകും.

അതേസമയം, ഏഴ് സ്കൂളുകളിലെ കോഴ്‌സ് ക്രമീകരണങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. മൂന്ന് സ്കൂളുകളിൽ കൊമേഴ്‌സ് ബാച്ചുകൾ ഹ്യൂമാനിറ്റീസായി മാറ്റിയപ്പോൾ, ഒരു സ്കൂളിൽ ഹ്യൂമാനിറ്റീസ് ബാച്ച് സയൻസാക്കി. മറ്റ് മൂന്ന് സ്കൂളുകളിൽ സയൻസ് വിഭാഗത്തിലെ വിഷയ ക്രമീകരണങ്ങളാണ് പുതുക്കിയത്.

ഈ വർഷം ഹയർസെക്കൻഡറി പ്രവേശനം നേടിയ 30,517 വിദ്യാർഥികളിൽ 3,001 പേർ സ്കൂളോ വിഷയമോ മാറ്റുന്നതിനായി അപേക്ഷ നൽകിയിട്ടുണ്ട്. ഇവ സംബന്ധിച്ച നടപടിക്രമങ്ങളും പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *