Health

‘നമ്പർ 1 ഡോക്ടർ’, ‘ഏറ്റവും മികച്ച സ്പെഷ്യലിസ്റ്റ്’ തുടങ്ങിയ പരസ്യങ്ങൾക്ക് നിയന്ത്രണം; എൻ.എം.സി. മാർഗനിർദേശങ്ങൾ പുറത്തിറക്കി

ന്യൂഡൽഹി: ഡോക്ടർമാരും ആശുപത്രികളും മറ്റ് വൈദ്യശാസ്ത്ര സ്ഥാപനങ്ങളും തങ്ങളുടെ സേവനങ്ങൾ പരസ്യപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി.) മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും നടത്തുന്ന പ്രചാരണങ്ങൾക്കും നിബന്ധനകൾ ബാധകമാണ്.

രോഗികൾ, സെലിബ്രിറ്റികൾ, ഇൻഫ്ലുവൻസർമാർ, തൊഴിലാളികൾ, മൂന്നാം കക്ഷികൾ എന്നിവരെ ഉപയോഗിച്ച് വൈദ്യസേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്രശംസകളും റിവ്യൂകളും ആവശ്യപ്പെടുന്നതിനും പങ്കുവെക്കുന്നതിനും നിയന്ത്രണമുണ്ടാകും.

‘നമ്പർ 1 ഡോക്ടർ’, ‘100% വിജയം’ തുടങ്ങിയ അവകാശവാദങ്ങൾ പാടില്ല

വസ്തുനിഷ്ഠമായി സ്ഥിരീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ‘നമ്പർ 1 ഡോക്ടർ’, ‘ഏറ്റവും മികച്ച സ്പെഷ്യലിസ്റ്റ്’, ‘പ്രമുഖ ഡോക്ടർ’, ‘100 ശതമാനം വിജയം’, ‘രോഗശാന്തി ഉറപ്പ്’, ‘അത്ഭുതചികിത്സ’ തുടങ്ങിയ പ്രയോഗങ്ങൾ ഉപയോഗിക്കരുതെന്ന് മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു. തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾക്കും വിലക്കുണ്ട്.

ഡോക്ടർമാർ തങ്ങളുടെ വ്യക്തിഗത നേട്ടങ്ങളെയോ ചികിത്സിച്ച രോഗികളുടെ എണ്ണത്തെയോ പരസ്യാവശ്യങ്ങൾക്കായി ഉപയോഗിക്കരുത്. വ്യാജ ഫോളോവേഴ്‌സ്, ലൈക്കുകൾ, വ്യൂസ്, കമന്റുകൾ, റിവ്യൂകൾ, റേറ്റിങ്ങുകൾ എന്നിവ കൃത്രിമമായി വർധിപ്പിച്ച് പ്രൊഫഷണൽ നിലവാരത്തെക്കുറിച്ച് തെറ്റായ ധാരണ സൃഷ്ടിക്കുന്നതിനും നിയന്ത്രണമുണ്ട്.

ചികിത്സയ്ക്ക് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ ഉപയോഗിക്കരുത്

ഡോക്ടർമാരും ആശുപത്രികളും പ്രൊമോഷണൽ ആവശ്യങ്ങൾക്കായി ചികിത്സയ്ക്ക് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ശാസ്ത്രീയ അടിത്തറയില്ലാത്തതോ സുരക്ഷയും ഫലപ്രാപ്തിയും സ്ഥിരീകരിക്കാത്തതോ ആയ ചികിത്സകളുടെ പ്രചാരണവും അനുവദിക്കില്ല.

രോഗികളെ ആകർഷിക്കുന്നതിനോ അനാവശ്യ ചികിത്സകൾ പ്രോത്സാഹിപ്പിക്കുന്നതിനോ ഇടയാക്കുന്ന കിഴിവുകൾ, കൂപ്പണുകൾ, ക്യാഷ്ബാക്ക്, സമ്മാനങ്ങൾ, റഫറൽ ആനുകൂല്യങ്ങൾ തുടങ്ങിയ ഓഫറുകൾക്കും നിയന്ത്രണമുണ്ട്. മെഡിക്കൽ സേവനങ്ങളുടെ പ്രചാരണവുമായി ബന്ധപ്പെട്ട കമ്മീഷനുകൾ, റിബേറ്റുകൾ, റഫറൽ ഫീസുകൾ, ബോണസുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ ഡോക്ടർമാർ വാഗ്ദാനം ചെയ്യുന്നതും സ്വീകരിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

ആരോഗ്യബോധവത്കരണ വിവരങ്ങൾ പങ്കുവെക്കാം

ആരോഗ്യബോധവത്കരണ വിവരങ്ങൾ, വിദ്യാഭ്യാസപരമായ ഉള്ളടക്കങ്ങൾ, അക്കാദമിക ചർച്ചകൾ, സർക്കാർ ആരോഗ്യകാമ്പെയ്‌നുകൾ എന്നിവ ഡോക്ടർമാർക്ക് പങ്കുവെക്കാം. എന്നാൽ ഇത്തരം വിവരങ്ങൾ വസ്തുനിഷ്ഠവും കൃത്യവും സുതാര്യവുമായിരിക്കണം.

പുതിയ സ്ഥലത്ത് പ്രാക്ടീസ് ആരംഭിക്കുക, ക്ലിനിക്കിന്റെ വിലാസം മാറ്റുക, പ്രാക്ടീസിൽനിന്ന് താൽക്കാലികമായി വിട്ടുനിൽക്കുക, വീണ്ടും ആരംഭിക്കുക തുടങ്ങിയ ഔദ്യോഗിക അറിയിപ്പുകൾ നൽകുന്നതിനും വിലക്കില്ല. ആശുപത്രികൾക്കും മെഡിക്കൽ സ്ഥാപനങ്ങൾക്കും അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചുള്ള വസ്തുതാപരമായ വിവരങ്ങൾ പങ്കുവെക്കാം.

ലംഘിച്ചാൽ നടപടിയുണ്ടാകും

മാർഗനിർദേശങ്ങൾ ലംഘിക്കുന്നതിന്റെ സ്വഭാവവും ഗൗരവവും അനുസരിച്ച് ഡോക്ടർമാർക്കും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കുമെതിരെ നടപടിയുണ്ടാകാം. ശകാരം, തിരുത്തൽ നടപടി, രജിസ്ട്രേഷനിൽ നിയന്ത്രണം ഏർപ്പെടുത്തൽ, സസ്‌പെൻഷൻ തുടങ്ങിയ നടപടികളാണ് നേരിടേണ്ടിവരുക.

മെഡിക്കൽ സേവനങ്ങളുടെ പരസ്യങ്ങളിൽ അതിശയോക്തിയും തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളും ഒഴിവാക്കി, രോഗികൾക്ക് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കുകയാണ് ഈ മാർഗനിർദേശങ്ങളുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *