വാഹനവിൽപ്പന: ഉടമയുടെ പേര് ആധാറിലും വാഹനരേഖകളിലും ഒരുപോലെയാകണം
ഉപയോഗിച്ച വാഹനം വിൽക്കുമ്പോൾ ഉടമയുടെ പേര് ആധാർ കാർഡിലും വാഹന രേഖകളിലും ഒരുപോലെയല്ലെങ്കിൽ ഇനി വ്യക്തികൾ തമ്മിലുള്ള ഉടമസ്ഥാവകാശ കൈമാറ്റം നടത്താനാകില്ല. ഇരു രേഖകളിലെയും പേര് ആവശ്യമായ രീതിയിൽ ഒരുപോലെയാക്കിയശേഷം മാത്രമേ പരിവാഹൻ സംവിധാനത്തിലൂടെ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ കഴിയൂ.
വാഹനം വിൽക്കുന്നയാളുടെ പേര് ആധാർ കാർഡിലും വാഹന രേഖകളിലും കുറഞ്ഞത് 70 ശതമാനമെങ്കിലും പൊരുത്തപ്പെടണമെന്നാണ് പുതിയ നിബന്ധന. പേരിൽ വ്യത്യാസമുണ്ടെങ്കിൽ പരിവാഹനിലെ ‘അപ്ഡേറ്റ് ഇ-കെ.വൈ.സി. സർവീസ്’ വിഭാഗത്തിലൂടെ ഓൺലൈനായി പേര് ഏകീകരിക്കാം. ഇതിനായി പേരിലെ മാറ്റം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണം.
രേഖകൾ പരിശോധിച്ചശേഷം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അംഗീകാരം നൽകും. ഇതിന് ശേഷമേ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ കഴിയൂ.
ആധാറിലെ പേര് തിരുത്തേണ്ടി വരാം
പലപ്പോഴും വ്യക്തിയുടെ മറ്റ് രേഖകളിലെയും ആർ.സി.യിലെയും പേര് ഒരുപോലെയായിരിക്കുമ്പോൾ ആധാർ കാർഡിലാകും പേരിൽ വ്യത്യാസം കാണപ്പെടുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ആധാറിലെ പേര് തിരുത്തേണ്ടിവരും.
പേരിന്റെ ആദ്യഭാഗത്തിൽ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടെങ്കിൽ ഗസറ്റ് വിജ്ഞാപനം ആവശ്യമായി വരാം. ഇത്തരം നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയമെടുക്കുന്നതിനാൽ വാഹനവിൽപ്പനയും ഉടമസ്ഥാവകാശ കൈമാറ്റവും വൈകാനുള്ള സാധ്യതയുണ്ട്.
വ്യക്തികൾ തമ്മിലല്ലാത്ത ഇടപാടുകൾക്ക് പ്രത്യേക നടപടി
വാഹനത്തിന്റെ വിൽപ്പന വ്യക്തികൾ തമ്മിലുള്ള നേരിട്ടുള്ള ഇടപാടല്ലെങ്കിൽ, മോട്ടോർ വാഹന വകുപ്പ് ഓഫീസ് മുഖേന ഉടമസ്ഥാവകാശം മാറ്റുന്നതിന് അപേക്ഷ നൽകാം. ബന്ധപ്പെട്ട രേഖകൾ ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിച്ച് അനുമതി നൽകുമെന്നാണ് വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നത്.
