ഒന്നാംവിള നെല്ലുസംഭരണം തിങ്കളാഴ്ച തുടങ്ങും: മന്ത്രി ടി. സിദ്ദിഖ്
നെല്ലിന്റെ താങ്ങുവില സംബന്ധിച്ച് ചർച്ചകൾക്കുശേഷം തീരുമാനം; കർഷകരുടെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്ന് മന്ത്രി
കൊല്ലങ്കോട്: പാലക്കാട് ജില്ലയിൽ ഒന്നാംവിള നെല്ലുസംഭരണം തിങ്കളാഴ്ച ആരംഭിക്കുമെന്ന് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. ചൊവ്വാഴ്ച കൊല്ലങ്കോട്ടെ നെൽക്കർഷകരുമായി നടത്തിയ സംവാദത്തിനിടെയാണ് മന്ത്രിയുടെ പ്രഖ്യാപനം. കൊയ്ത്ത് തുടങ്ങിയിട്ടും നെല്ലുസംഭരണവും താങ്ങുവില പ്രഖ്യാപനവും വൈകുന്നതിലുള്ള ആശങ്ക കർഷകർ അറിയിച്ചതിനെ തുടർന്നായിരുന്നു തീരുമാനം. നെല്ലിന്റെ വില സംബന്ധിച്ച് ചർച്ചകൾക്കുശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
എലവഞ്ചേരി പനങ്ങാട്ടിരി വി.എഫ്.പി.സി.കെ.യിൽ പച്ചക്കറിക്കർഷകരുടെ പ്രശ്നങ്ങൾ കേട്ടുകൊണ്ടായിരുന്നു സംവാദത്തിന് തുടക്കം. തുടർന്ന് കൊല്ലങ്കോട് നെന്മേനിയിൽ നെൽക്കർഷകരുമായും മുതലമട ചുള്ളിയാർമേട്ടിൽ മാവ് കർഷകരുമായും മന്ത്രി ചർച്ച നടത്തി.
പച്ചക്കറിക്കർഷകർക്ക് കൂടുതൽ സഹായപദ്ധതികൾ വേണം
എലവഞ്ചേരിയിലെ പച്ചക്കറിക്കർഷകർക്ക് ഹൈബ്രിഡ് വിത്തുകൾ ഉൾപ്പെടെ സർക്കാർ തലത്തിൽ ലഭ്യമാക്കുന്ന വിപുലമായ സഹായപദ്ധതികൾ വേണമെന്ന് കർഷകർ ആവശ്യപ്പെട്ടു. നിലവിൽ ഹൈബ്രിഡ് വിത്തുകൾ സ്വകാര്യ ഏജൻസികളിൽനിന്നാണ് വാങ്ങുന്നത്. വി.എഫ്.പി.സി.കെ. മുഖേന വിത്തുകൾ ലഭ്യമാക്കാനുള്ള നടപടി വേണമെന്നും കർഷകർ ആവശ്യപ്പെട്ടു.
തുള്ളിനനയ്ക്ക് സബ്‌സിഡി നിലവിൽ പറമ്പ് വിഭാഗത്തിൽ ഉൾപ്പെട്ട സ്ഥലങ്ങൾക്ക് മാത്രമാണ് ലഭിക്കുന്നതെന്നും അത് നിലത്തിനും അനുവദിക്കണമെന്നും ആവശ്യമുയർന്നു. കാർഷിക വായ്പയുടെ മുഴുവൻ തുകയ്ക്കും പലിശയിളവ് വേണമെന്ന ആവശ്യവും കർഷകർ ഉന്നയിച്ചു.
എലവഞ്ചേരിയിലെ പച്ചക്കറിക്കൃഷി മാതൃക സംസ്ഥാനത്താകെ നടപ്പാക്കുന്നതിനും പ്രദേശത്തെ കൃഷി കൂടുതൽ അഭിവൃദ്ധിപ്പെടുത്തുന്നതിനുമായി പ്രത്യേക യോഗം ചേരുമെന്ന് മന്ത്രി അറിയിച്ചു. ഹൈബ്രിഡ് വിത്തുകളുടെ ഉൽപ്പാദനവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് നൽകാൻ വി.എഫ്.പി.സി.കെ.യ്ക്ക് മന്ത്രി നിർദേശം നൽകി.
70 കഴിഞ്ഞ കർഷകരുടെ പ്രശ്നം പരിശോധിക്കും
കൊല്ലങ്കോട് നെല്ലിന്റെ താങ്ങുവില ലഭിക്കുന്നതിനായി 70 വയസ്സ് കഴിഞ്ഞ കർഷകർ ബുദ്ധിമുട്ടുന്നതായി കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഇക്ബാൽ പരാതിപ്പെട്ടു. വിഷയം അടിയന്തരമായി പരിശോധിച്ച് ആവശ്യമായ ഇടപെടൽ നടത്തുമെന്ന് മന്ത്രി ഉറപ്പുനൽകി.
നെല്ലുസംഭരണത്തിന് സ്ഥിരം സംവിധാനം വേണമെന്ന് സംയുക്ത പാടശേഖരസമിതി സെക്രട്ടറി അനിൽ ബാബുവും സംരക്ഷണസമിതി സെക്രട്ടറി പ്രഭാകരനും ആവശ്യപ്പെട്ടു. വിത്തുസംഭരണം വൈകുന്നതും കർഷകർ ചൂണ്ടിക്കാട്ടി. നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് സ്ഥിരം സംവിധാനത്തിനായി കാർഷിക കലണ്ടർ തയ്യാറാക്കുമെന്ന് മന്ത്രി അറിയിച്ചു.
മാവ് കർഷകർക്ക് ഗവേഷണകേന്ദ്രം വേണം
മുതലമടയിലെ മാവുകളിൽ രൂക്ഷമായ കീടബാധയ്ക്ക് പരിഹാരം കാണാനും മാവ് കൃഷിയുടെ സമഗ്ര വികസനത്തിനുമായി മാങ്ങ ഗവേഷണകേന്ദ്രം സ്ഥാപിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. ഓപ്പൺ മാർക്കറ്റ് സംവിധാനം, വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം തുടങ്ങിയ ആവശ്യങ്ങളും ഉയർന്നു.
മുതലമട ഒന്ന് വില്ലേജ് പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെട്ടതിന്റെ ആശങ്കയും കർഷകർ പങ്കുവെച്ചു. ശാസ്ത്രീയ മണ്ണുപരിശോധനയ്ക്കുള്ള കേന്ദ്രം വേണമെന്നും ആവശ്യപ്പെട്ടു.
മുതലമടയിലെ മാവ് കൃഷിയുടെ സമഗ്ര പുരോഗതിക്കായി സ്വീകരിക്കേണ്ട നടപടികൾ പഠിക്കാൻ കാർഷിക സർവകലാശാലയെ നിയോഗിക്കുമെന്ന് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. മണ്ണുപരിശോധനയ്ക്ക് പ്രത്യേക പദ്ധതി നടപ്പാക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പറമ്പിക്കുളം–ആളിയാർ കരാറിന്റെ പുനഃപരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
ചർച്ചകളിൽ കെ. പ്രേമൻ എം.എൽ.എ.യും സുമേഷ് അച്യുതൻ എം.എൽ.എ.യും അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
